ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ പൊന്നാനി ബ്ലോക്ക് പരിധിയില്‍ വരുന്ന പ്രദേശമാണ് കാലടി ഗ്രാമപഞ്ചായത്ത്. 2005 ഒക്ടോബര്‍ 2 നാണ് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 16.98 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്ത് 18 വാര്‍ഡുകളായാണ് വിഭജിച്ചിരിക്കുന്നത്. വടക്ക് തവനൂര്‍, തൃപ്രങ്ങോട് പഞ്ചായത്തുകള്‍, കിഴക്ക് വട്ടംകുളം പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്ത് തെക്ക് എടപ്പാള്‍, വട്ടംകുളം, പഞ്ചായത്തുകള്‍, പൊന്നാനി മുനിസിപ്പാലിറ്റി പടിഞ്ഞാറ് പൊന്നാനി മുനിസിപ്പാലിറ്റി, തൃപ്രങ്ങോട് പഞ്ചായത്ത് എന്നിവയാണ് കാലടി ഗ്രാമപഞ്ചായത്തിന്റെ അതിരുകള്‍. മുമ്പ് തവനൂര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്ന പ്രദേശങ്ങള്‍ ചേര്‍ത്താണ് കാലടി ഗ്രാമപഞ്ചായത്ത് രൂപീകരിക്കുന്നത്. 24221 വരുന്ന പഞ്ചായത്തിലെ ജനങ്ങളുടെ സാക്ഷരത 98.63 ശതമാനമാണ്. പഞ്ചായത്തിന്റെ ഓരത്തുകൂടി ഒഴുകുന്ന ഭാരതപ്പുഴ പഞ്ചായത്തിന്റെ ജലസ്രോതസ്സുകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. നെല്ല്, കവുങ്ങ്, വാഴ, തെങ്ങ്, കുരുമുളക് എന്നിവയാണ് പഞ്ചായത്തിലെ പ്രധാനകൃഷി. പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് മാണൂര്‍ കായലും പാറപ്പുറം ഭാഗത്ത് മൂരികായലും പോത്തനൂര്‍ ഭാഗത്ത് ആലെ കായലുമാണ്. ഇവയെല്ലാം പൊന്നാനി കോള്‍ മേഖലയില്‍ പെട്ടതാണ്. 5 പൊതുകുളങ്ങളും ജലസ്രോതസ്സുകളായുണ്ട്. പഞ്ചായത്തിലെ മുഖ്യകുടിനീര്‍ സ്രോതസ്സ് കിണറുകളാണ്. 39 പൊതുകിണറുകള്‍ പഞ്ചായത്തിലുണ്ട്. ജലസേചന വകുപ്പിന്റെ നരിപ്പറമ്പിലുള്ള രണ്ടാം സബ്കനാലില് നിന്നും കൃഷിക്കാവശ്യമായ ജലം ലഭിക്കുന്നു. മാണൂര്‍ കുന്ന്, തിരുത്തി കുന്ന്, മമ്മിളിയം കുന്ന്, കോലത്തറ കുന്ന് എന്നിവയാണ് പഞ്ചായത്തിലുള്ള കുന്നിന്‍പ്രദേശങ്ങള്‍. 250 പൊതുകുടിവെള്ള ടാപ്പുകളും ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. വിവിധ വാര്‍ഡുകളിലായി സ്ഥാപിച്ചിരിക്കുന്ന 124 തെരുവുവിളക്കുകള്‍ പഞ്ചായത്ത് വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്ന ഏറ്റവും അടുത്ത വിമാനത്താവളം കരിപ്പൂരാണ്. റെയില്‍ ഗതാഗതത്തിനായി പഞ്ചായത്തിനടുത്തുള്ളത് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനാണ്. തുറമുഖമെന്ന നിലയില്‍ പൊന്നാനി തുറമുഖം പഞ്ചായത്തിന് അടുത്ത് സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന് അടുത്തുള്ള ബസ്സ്റ്റാന്റുകളായ കുറ്റിപ്പുറം ബസ്സ്റ്റാന്റ്, പൊന്നാനി ബസ്സ്റ്റാന്റ് എന്നിവിടങ്ങളിലാണ് ബസ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. എന്‍.എച്ച്.17, എന്‍.എച്ച് 66 കാലടി പഞ്ചായത്തിലൂടെ കടന്നു പോകുന്നു. തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന മറ്റൊരു പ്രധാന റോഡ്. ഗതാഗതമേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ് ഇവിടുത്തെ പാലങ്ങള്‍. മാണിക്കപാലം, കുണ്ടയാര്‍ പാലം എന്നിവ ഇവിടുത്തെ പ്രധാന പാലങ്ങളാണ്. വന്‍കിട വ്യവസായങ്ങള്‍ ഈ ഗ്രാമത്തില്‍ ഇല്ല എങ്കിലും ഹോളോബ്രിക്സ് നിര്‍മ്മാണം, എണ്ണ മില്ലുകള്‍, റൈസ് മില്ലുകള്‍ എന്നീ ഇടത്തരം വ്യവസായയൂണിറ്റുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. ചെറുകിട വ്യവസായരംഗത്ത് അവില് നിര്‍മ്മാണം, പലഹാര നിര്‍മ്മാണം എന്നിവ പഞ്ചായത്തിലുണ്ട്. പരമ്പരാഗത മേഖലയില്‍ മല്‍സ്യബന്ധനം, പപ്പടനിര്‍മ്മാണം, മണ്‍പാത്ര നിര്‍മ്മാണം, കുട്ടനിര്‍മ്മാണം എന്നിവ പഞ്ചായത്തില്‍ നിലനില്ക്കുന്നു. അണ്ണക്കംപാട് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, നരിപ്പറമ്പ്,കണ്ടനകം എന്നിവിടങ്ങളില്‍ എച്ച്.പി യുടെ ഓരോ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണമേഖലയില്‍ 10 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു മാവേലിസ്റ്റോറും പൊതുവിതരണരംഗത്തുണ്ട്.
സാമൂതിരിയുടെ സാമന്തരാജ്യമായിരുന്ന വെട്ടത്ത്നാടിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്തിരുന്ന പ്രദേശമായിരുന്നു ഈ ഗ്രാമം. തൃക്കണാപുരം, പോത്തനൂര്‍, തവനൂര്‍, കാലടി എന്നീ നാല് അംശങ്ങളായിരുന്നു അതില്‍ ഉണ്ടായിരുന്നത്. നിളയുടെ തീരത്തുള്ള തവനൂരിലായിരുന്നു കാലടി പഞ്ചായത്ത് സ്ഥിതി ചെയ്തിരുന്നത്. മാമാങ്കത്തിനാവശ്യമായ മരത്തടികളും മുളകളും മറ്റും നല്‍കിയിരുന്നത് കാലടി ചേരിക്കല്ലില്‍ കാലാപറമ്പ് തറവാട്ടുകാരായിരുന്നു. ഹിന്ദു,മുസ്ളീം ജനവിഭാഗങ്ങളാണ് ഇന്ന് കാലടി പഞ്ചായത്തില്‍ അധിവസിക്കുന്നവരിലേറെയും. ഇവരുടെ വിവിധ ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. 14 ക്ഷേത്രങ്ങളും 7 പള്ളികളും പഞ്ചായത്തില്‍ വിവിധ സ്ഥലങ്ങളിലായി നിലകൊള്ളുന്നു. കാലടി ശിവക്ഷേത്രം, നരിപ്പറമ്പ് സുബ്രഹ്മണ്യ ക്ഷേത്രം, പാതിരപ്പിള്ളി ശിവക്ഷേത്രം, കോലത്തറകുന്ന് ക്ഷേത്രം എന്നിവയാണ് പ്രധാന ക്ഷേത്രങ്ങള്‍. പാറപ്പുറം, കാടഞ്ചരി, കാലടി, പോത്തനൂര്‍, നരിപ്പറമ്പ് എന്നിവിടങ്ങളിലായാണ് ജുമാമസ്ജിദുകള്‍ സ്ഥിതി ചെയ്യുന്നത്. നരിപ്പറമ്പ്, തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രങ്ങളിലെ തൈപ്പൂയം ഉല്‍സവം, പാതിരപ്പിള്ളി, കാലടി ശിവക്ഷേത്രങ്ങളിലെ ശിവരാത്രി ഉല്‍സവം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ഉല്സവങ്ങള്. കോലത്തറകുന്ന് ക്ഷേത്രോല്‍സവം, കണ്ടനകം വേട്ടക്കാരന് കാവ് ക്ഷേത്ര ഉല്‍സവം എന്നിവയും പഞ്ചായത്തില്‍ ആഘോഷിക്കപ്പെടുന്നു. ഇന്ത്യന്‍ചിത്രകലയുടെ നവവസന്തമായിരുന്ന അകാലത്തില്‍ അന്തരിച്ച പത്മിനി കാലടി പഞ്ചായത്തിലെ കാടഞ്ചരിയിലാണ് ജനിച്ചത്. പ്രാചീനകാലത്തുതന്ന ആയോധനകലയില്‍ പ്രാവീണ്യം നേടിയവരായിരുന്നു ഇവിടത്തുകാര്‍. കേരളത്തില്‍ തന്നെ പേരുകേട്ട വല്ലഭട്ട കളരി സംഘമാണ് കാലടിയിലെ പ്രധാന കായിക സമിതി. ആരോഗ്യപരിപാലനരംഗത്ത് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങളാണ് കാലടിയിലുള്ള ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറിയും, നരിപ്പറമ്പിലുള്ള ഗവ.ഹോമിയോ ഡിസ്പെന്‍സറിയും. കാലടി, മാങ്ങാട്ടൂര്‍, കണ്ടനകം, പോത്തനൂര്‍, കുറ്റിക്കുന്ന് എന്നിവിടങ്ങളില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ഉപകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. എടപ്പാള്‍ വ്യാപാരി വ്യവസായി സമിതി, എടപ്പാള്‍ വെല്‍ഫെയര്‍ അസോസിയേഷന്, സേവാഭാരതി എന്നിവയുടെ ആംബുലന്‍സ് സേവനം പഞ്ചായത്തില്‍ ലഭ്യമാണ്. മൃഗസംരക്ഷണവകുപ്പിനു കീഴില്‍ കാലടിയില്‍ ഒരു മൃഗാശുപത്രിയും മാങ്ങാട്ടൂര്‍ ഒരു ഉപകേന്ദ്രവും പ്രവര്‍ത്തിക്കുന്നു. ഔപചാരിക വിദ്യാഭ്യാസരംഗത്ത് പഞ്ചായത്തിലെ ആദ്യ വിദ്യാലയമാണ് കാലടി ബോര്‍ഡ് എലിമെന്ററി സ്കൂള്‍. ഇതാണ് ഇന്നത്തെ കാലടി ജി.എല്‍.പി.എസ്. ഈ സ്കൂള്‍ കൂടാതെ സര്‍ക്കാര്‍ മേഖലയില്‍ പഞ്ചായത്തില്‍ കാടഞ്ചരി ജി.എച്ച്.എസ്.എസ്, പോത്തനൂര്‍ ജി.യു.പി.എസ്, നരിപ്പറമ്പ് ജി.എല്‍.പി.എസ്. എന്നിവ പ്രവര്‍ത്തിക്കുന്നു. എയിഡഡ് മേഖലയില്‍ 3 എല്‍.പി.സ്കൂളുകളും, 2 യു.പി.സ്കൂളുകളും പ്രവര്‍ത്തിക്കുന്നു. ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസസൌകര്യം ഒരുക്കി കൊണ്ട് 5 വിദ്യാലയങ്ങള്‍ അണ്‍എയ്ഡഡ് മേഖലയിലും പ്രവര്‍ത്തിക്കുന്നു. കാടഞ്ചരിയില് പ്രവര്‍ത്തിക്കുന്ന സഹകരണബാങ്കാണ് പ്രധാന ബാങ്കിംഗ് സ്ഥാപനം.
1947 ല്‍ സ്ഥാപിതമായ ഗ്രാമീണ വായനശാലയാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ വായനശാല. പഞ്ചായത്തിലെ മറ്റ് വായനശാലകള്‍ നരിപ്പറമ്പ്, കുണ്ടയാർ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. കണ്ടനകത്താണ് വൈദ്യുതി ബോര്‍ഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കെ.എസ്.ആര്.ടി.സി യുടെ റീജിയണല്‍ വര്‍ക് ഷോപ്പാണ് കണ്ടനകത്ത് പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രധാന സ്ഥാപനം. വാട്ടര്‍ അതോറിറ്റി ഓഫീസ് നരിപ്പറമ്പില്‍ സ്ഥിതി ചെയ്യുന്നു. കാടഞ്ചരിയിലാണ് വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. കാര്‍ഷികരംഗത്തെ സേവനങ്ങള്‍ക്കായി പാറപ്പുറത്ത് ഒരു കൃഷിഭവന് പ്രവര്‍ത്തിക്കുന്നു. സബ് പോസ്റ്റോഫീസ് കാലടിയിലാണ് പ്രവര്‍ത്തിക്കുന്നത്. ബ്രാഞ്ച് പോസ്റ്റോഫീസുകള്‍ കാടഞ്ചരിയിലും, നരിപ്പറമ്പിലും സ്ഥിതി ചെയ്യുന്നു.