ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യസാംസ്കാരികചരിത്രം
നിളാനദിയുടെ തീരത്താണ് കാലടി സ്ഥിതിചെയ്യുന്നത്. താപസ്സന്നൂര് എന്നു പുരാതനകാലത്ത് അറിയപ്പെട്ടിരുന്ന തവനൂര്‍ എന്ന പ്രദേശത്തിന്റെ ഭാഗമായിരുന്നു 2005 വരെ കാലടി എന്ന ഈ ഗ്രാമം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ദിവ്യന്മാരായ മുനിശ്രേഷ്ഠര്‍ തപസ്സനുഷ്ഠിച്ചിരുന്ന തീരമായതുകൊണ്ടാണ് താപസ്സന്നൂരെന്ന പേര് സിദ്ധിച്ചതെന്നാണ് പ്രബലമായ വാമൊഴിപ്രചാരം. ഐക്യകേരളപ്പിറവിക്കുശേഷം 1961-ലാണ് കാലടി ഗ്രാമം ഉള്‍പ്പട്ട തവനൂര്‍ പഞ്ചായത്ത് നിലവില്‍ വന്നതെങ്കിലും, തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അധികാരത്തിലെത്തിയത് 1963-ലാണ്. കാവുകള്‍ക്കു പേരുകേട്ടതാണ് തവനൂരും കാലടിയുമെല്ലാം. പുരാതനമനുഷ്യരുടെ ആവാസകേന്ദ്രങ്ങളായിരുന്ന ഗുഹകളും മറ്റും ഇവിടെ കണ്ടെത്തിയതും പ്രാചീന മണ്‍പാത്രങ്ങളും മറ്റും കണ്ടെടുക്കപ്പെട്ടതും ഇവിടങ്ങളില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ ജനവാസമുണ്ടായിരുന്നുവെന്നതിന്റെ സൂചനകള്‍ നല്കുന്നു. സാമൂതിരിയുടെ സാമന്തരാജ്യമായിരുന്ന പ്രാചീനമായ വെട്ടത്തുനാടിന്റെ തെക്കേയറ്റത്തു സ്ഥിതിചെയ്തിരുന്ന പ്രദേശമാണിവിടം. തൃക്കണാപുരം, പോത്തനൂര്‍, തവനൂര്‍, കാലടി എന്നീ നാല് അംശങ്ങളായിരുന്നു അതില്‍ ഉണ്ടായിരുന്നത്. മാമാങ്കത്തിനാവശ്യമായ മരത്തടികളും മുളകളും മറ്റും നല്‍കിയിരുന്നത് കാലടി ചേരിക്കല്ലില്‍ കാലാപറമ്പ് തറവാട്ടുകാരായിരുന്നു. കാലടി ഗ്രാമം ഉള്‍പ്പെട്ട തവനൂര്‍ അംശത്തിലെ പേരുകേട്ട രണ്ടു മനകളായിരുന്നു വെള്ളയില്‍ മനയും തവനൂര്‍ മനയും. “വെള്ളയുടെ വാക്കും, തവനൂരിന്റെ പണവും” എന്നാരു പഴഞ്ചാല്ലു തന്നെ ഈ പ്രദേശത്തു നിലവിലുണ്ട്. ഈ മനകള്‍ തമ്മിലുണ്ടായിരുന്ന പരസ്പര കിടമത്സരത്തിന്റെയും, സവര്‍ണ്ണ-ആഭിജാത്യ മേല്‍ക്കോയ്മയുടെയും പരിച്ഛേദമാണ് പ്രസ്തുത പഴഞ്ചാല്ല്. ആയോധനകലയില്‍ പ്രാവീണ്യം നേടിയവരായിരുന്നു പ്രാചീനകാലം മുതല്‍ ഇവിടത്തുകാര്‍. കേരളത്തില്‍ പേരുകേട്ട വല്ലഭട്ട കളരി സംഘം കാലടിയിലെ പ്രധാന കായികസമിതിയാണ്. കേരളഗാന്ധിയെന്നറിയപ്പെട്ടിരുന്ന കെ.കേളപ്പന്റെ ആഗമനത്തോടെയാണ് ഈ പ്രദേശത്ത് ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായത്. പൊന്നാനിയില്‍ അധ്യാപകനായിരിക്കവേയാണ് ഇവിടം അദ്ദേഹത്തിന്റെ കര്മ്മപഥമായിമാറിയത്. മലബാര്‍ കലാപത്തിന്റെ പോറലുകള്‍ ഇവിടെ സംഭവിക്കാതെ പോയതിന്റെ കാരണം, കേളപ്പന്റെയും മുസ്ളീം വേദപണ്ഡിതനും ലീഗ് നേതാവുമായിരുന്ന പൊന്നാനിയിലെ ആറ്റക്കോയ തങ്ങളുടെയും അശ്രാന്തപരിശ്രമം കൊണ്ടായിരുന്നു.
1942-ല്‍ പാപ്പിനിക്കാവ് മൈതാനിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തോടെയാണ് ഇവിടെ സ്വാതന്ത്ര്യസമരം ശക്തമായത്. ബ്രിട്ടീഷ് വാഴ്ചക്കെതിരെയുണ്ടായ കൂട്ടായ സമരത്തിന്റെ തുടക്കം കൂടിയായിരുന്നു അത്. വാസുദേവന്‍ നമ്പൂതിരി, എന്‍.പി.ദാമോദരന്‍, വക്കീല്‍ രാമന് മേനോന്, ഗോപാലക്കുറുപ്പ്, പി.കെ.മേനോന്, മാടമ്പത്ത് ഗോവിന്ദന് മേനോന് തുടങ്ങിയവരായിരുന്നു ഇതിന് നേതൃത്വം കൊടുത്തവരില്‍ പ്രമുഖര്‍. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തൃക്കണാപുരത്ത് മലബാര്‍ ബോര്‍ഡു സ്കൂള്‍ സ്ഥാപിച്ചുകൊണ്ടാണ് ഇവിടെ ഔപചാരിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത്. ഈ സ്കൂളാണ് ഇപ്പോള്‍ ജി.എല്‍.പി.സ്കൂള്‍ തൃക്കണാപുരമായി പ്രവര്‍ത്തിക്കുന്നത്. അതിനു ശേഷം പുള്ളുവന്‍പടിയിലെ കാലടി ബോര്‍ഡ് എലിമെന്റെറി സ്കൂളും (ഇപ്പോള്‍ കാലടി ജി.എല്‍.പി.എസ്), അന്ത്യാളംകുടത്തെ എസ്.എസ്.യു.പി.സ്കൂളും സ്ഥാപിതമായി. ഹരിജനങ്ങളുടെ വിദ്യാഭ്യാസോന്നമനത്തിനു വേണ്ടി മറവഞ്ചേരിയില് ഒരു ഹരിജന്‍ വെല്‍ഫയര്‍ സ്കൂളും പ്രവര്‍ത്തിച്ചിരുന്നു. കാളവണ്ടികളും കുതിരവണ്ടികളും മാത്രം സഞ്ചാരവാഹനമായി ഉണ്ടായിരുന്ന ഈ പഞ്ചായത്തില്‍ ആദ്യത്തെ ബസ് സര്‍വ്വീസ് ആരംഭിക്കുന്നത് 1940-ലാണ്. പൊന്നാനി - എടപ്പാള്‍ - കണ്ടനകം - കുറ്റിപ്പുറം കടവ് വരെയായിരുന്നു ഈ സര്‍വ്വീസ്. 1950-കളില്‍ ഈ പ്രദേശത്ത് വൈദ്യുതിയെത്തി. ഹിന്ദു, മുസ്ളീം ജനവിഭാഗങ്ങളാണ് ഇന്ന് കാലടി പഞ്ചായത്തില്‍ അധിവസിക്കുന്നവരിലേറെയും. നാനാജാതിമതസ്ഥരുടെ വിവിധ ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. 14 ക്ഷേത്രങ്ങളും 7 മുസ്ളീം പള്ളികളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു. കാലടി ശിവക്ഷേത്രം, നരിപ്പറമ്പ് സുബ്രഹ്മണ്യക്ഷേത്രം, പാതിരപ്പിള്ളി ശിവക്ഷേത്രം, കോലത്തറകുന്ന് ക്ഷേത്രം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ക്ഷേത്രങ്ങള്‍. പാറപ്പുറം, കാടഞ്ചേരി, കാലടി, പോത്തനൂര്‍, നരിപ്പറമ്പ് എന്നിവിടങ്ങളിലായാണ് ജുമാമസ്ജിദുകള്‍ സ്ഥിതി ചെയ്യുന്നത്. നരിപ്പറമ്പ്, തൃക്കോവില്‍ എന്നീ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലെ തൈപ്പൂയം ഉല്‍സവം, പാതിരപ്പിള്ളി കാലടി ശിവക്ഷേത്രങ്ങളിലെ ശിവരാത്രി ഉല്‍സവം, കോലത്തറകുന്ന് ക്ഷേത്രോല്‍സവം, കണ്ടനകം വേട്ടക്കാരന് കാവ് ക്ഷേത്രോത്സവം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ഉല്സവങ്ങള്. ഇന്ത്യന്‍ചിത്രകലയുടെ നവവസന്തമായിരുന്ന അകാലത്തില്‍ അന്തരിച്ച പത്മിനി, കാലടി പഞ്ചായത്തിലെ കാടഞ്ചേരിയിലാണ് ജനിച്ചത്. ആരോഗ്യപരിപാലനരംഗത്ത് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങളാണ് കാലടിയിലുള്ള ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറിയും, നരിപ്പറമ്പിലുള്ള ഗവ.ഹോമിയോ ഡിസ്പെന്‍സറിയും. കാലടി, മാങ്ങാട്ടൂര്‍, കണ്ടനകം, പോത്തനൂര്‍, കുറ്റിക്കുന്ന് എന്നിവിടങ്ങളില്‍, പ്രാഥമികാരോഗ്യ ഉപകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഔപചാരിക വിദ്യാഭ്യാസരംഗത്ത് പഞ്ചായത്തിലെ ആദ്യ വിദ്യാലയമാണ് കാലടി ബോര്‍ഡ് എലിമെന്റെറി സ്കൂള്‍. ഇതാണ് ഇന്നത്തെ കാലടി ജി.എല്‍.പി.എസ്. ഈ സ്കൂള്‍ കൂടാതെ സര്‍ക്കാര്‍ മേഖലയില്‍ പഞ്ചായത്തില്‍ കാടഞ്ചേരി ജി.എച്ച്.എസ്.എസ്, പോത്തനൂര്‍ ജി.യു.പി.എസ്, നരിപ്പറമ്പ് ജി.എല്‍.പി.എസ് എന്നീ സ്ക്കൂളുകളുമുണ്ട്. എയിഡഡ് മേഖലയില്‍ 3 എല്‍.പി.സ്കൂളുകളും, 2 യു.പി.സ്കൂളുകളും 5 വിദ്യാലയങ്ങള്‍ അണ്‍എയ്ഡഡ് മേഖലയിലും പ്രവര്‍ത്തിക്കുന്നു.